Sports
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണെടുത്തത്.
അഭിഷേക് ശർമയുടെയും തിലക് വർമയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. അഭിഷേക് 61 റൺസും തിലക് 51 റൺസുമാണെടുത്തത്. ശിവം ദുബെ 27 റൺസും ശ്രേയസ് അയ്യർ 21 റൺസും ഇഷാൻ കിഷൻ 20 റൺസുമെടുത്തു.
പാക്കിസ്ഥാന് വേണ്ടി അഹ്മദ് ഡാനിയലും അരാഫത്ത് മിൻഹാസും രണ്ട് വിക്കറ്റ് വീതമെടുത്തു. സയിം അയൂബും അബ്രാർ അഹ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
നാഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ പത്ത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ്.
അർധസെഞ്ചുറി നേടിയ അഭിഷേക് ശർമ (61), വൈഭവ് സൂര്യവൻഷി (15) , സഞ്ജു സാംസൺ (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. മറുവശത്ത് ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കലാശപ്പോരിന് യോഗ്യത നേടിയത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണം ലക്ഷ്യമിട്ടാണ് ഇറങ്ങിയിരിക്കുന്നത്. 2023ലെ ഹാംഗ്ചൗ ഏഷ്യൻ ഗെയിംസിലും ഇന്ത്യയാണ് പുരുഷ ക്രിക്കറ്റിൽ സ്വർണം നേടിയത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം. വനിതകളുടെ റിക്കർവ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കായി അനിൽ മൊഹോദ് സ്വർണം നേടി. ശക്തമായ തിരിച്ചുവടിലൂടെ കൊറിയൻ താരത്തെ പരാജയപ്പെടുത്തിയാണ് യുവതാരം ഈ നേട്ടം സ്വന്തമാക്കിയത്.
വെള്ളിയാഴ്ച മാത്രം ഇന്ത്യ ആറ് സ്വർണമെഡലുകളാണ് ഗെയിംസിൽ വാരിക്കൂട്ടിയത്. അമ്പെയ്ത്തിലെ സ്വർണനേട്ടത്തിന് പിന്നാലെ ബോക്സിംഗ് റിങ്ങിലും ഇന്ത്യൻ താരങ്ങൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ബോക്സിംഗിൽ മാത്രം മൂന്ന് സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്.
നിലവിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 77 ആയി ഉയർന്നു. 17 സ്വർണവും 25 വെള്ളിയും 35 വെങ്കലവുമാണ് ഇന്ത്യയ്ക്കുള്ളത്. രാജ്യങ്ങളുടെ പട്ടികയിൽ 162 സ്വർണവും ആകെ 317 മെഡലുകളുമായി ചൈന ബഹുദൂരം മുന്നിലാണ്.
Sports
നിഷിൻ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ആവേശകരമായ ഫൈനലിൽ ആതിഥേയരായ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ സ്വർണനേട്ടം സ്വന്തമാക്കിയത്. 44 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ വനിതാ ഹോക്കിയിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടുന്നത്.
ഇതിന് മുമ്പ് 1982ലായിരുന്നു ഇന്ത്യയുടെ സ്വർണനേട്ടം. മത്സരത്തിന്റെ തുടക്കത്തിൽ ചൈന ആക്രമണം ശക്തമാക്കിയെങ്കിലും പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. തുടർന്ന് ചൈന നടത്തിയ ശക്തമായ ആക്രമണങ്ങളെ പ്രതിരോധ നിര മികച്ച രീതിയിൽ തടഞ്ഞുനിർത്തി.
ഇതിനിടയിൽ ഗോൾകീപ്പർ സവിത പുനിയ ചൈനയുടെ പെനൽറ്റി സ്ട്രോക്ക് രക്ഷപ്പെടുത്തിയതും ഇന്ത്യയ്ക്ക് നിർണായകമായി. രണ്ടാം ക്വാർട്ടറിൽ സമനില പിടിക്കാനുള്ള ശ്രമവുമായി ചൈന ആക്രമണം ശക്തമാക്കി. തുടക്കത്തിൽ തന്നെ രണ്ട് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു.
മൂന്നാം ക്വാർട്ടറിലും ചൈന തുടർച്ചയായി ആക്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം വഴങ്ങിയില്ല. അവസാന ക്വാർട്ടറിലും ചൈനയുടെ മുന്നേറ്റങ്ങളെ സമർഥമായി തടഞ്ഞ ഇന്ത്യ ലീഡ് കാത്തുസൂക്ഷിച്ചു. അവസാന വിസിൽ മുഴങ്ങിയതോടെ ഇന്ത്യ 1-0ന്റെ വിജയം സ്വന്തമാക്കി. ഇതോടെ വനിതാ ഹോക്കിയിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടി ഇന്ത്യ 44 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമിട്ടത്.
ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണനേട്ടം 16 ആയി. 25 വെള്ളിയും, 35 വെങ്കലവും ഉൾപ്പടെ 76 മെഡലുകളുമായി ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.
Sports
നഗോയ്: ഏഷ്യൻ ഗെയിംസിന്റെ 13-ാം ദിനത്തിലും ഇന്ത്യയ്ക്ക് സുവർണനേട്ടം. വനിതാ ബോക്സിംഗ്, ആർച്ചറി, പുരുഷ ഗുസ്തി, പുരുഷ ബോക്സിംഗ് എന്നിവ ഉൾപ്പെടെ നാല് സ്വർണം നേടിയ ഇന്ത്യയുടെ ആകെ സ്വർണനേട്ടം 15 ആയി ഉയർന്നു. ഇതോടെ മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി.
15 സ്വർണം, 25 വെള്ളി, 35 വെങ്കലം ഉൾപ്പടെ ആകെ 75 മെഡലായി. വനിതകളുടെ 65 കിലോഗ്രാം ബോക്സിംഗ് ഫൈനലിൽ ചൈനീസ് തായ്പെയുടെ ചെൻ നിയെൻ-ചിന്നിനെ പരാജയപ്പെടുത്തി പർവീൺ ഹൂഡ ഇന്ത്യയ്ക്കായി 13-ാം സ്വർണം സ്വന്തമാക്കി. പാരീസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് ചെൻ നിയെൻ ചിൻ.
ഒരു ഏഷ്യൻ ഗെയിംസ് പതിപ്പിൽ രണ്ട് ഇന്ത്യൻ വനിതാ ബോക്സർമാർ സ്വർണം നേടുന്നത് ഇതാദ്യമാണ്. നേരത്തെ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ചൈനയുടെ ബാവോ സിയെ 5-0ന് പരാജയപ്പെടുത്തി ലവ്ലിന ബൊർഗോഹെയ്ൻ ഇന്ത്യയുടെ 12-ാം സ്വർണം നേടിയിരുന്നു.
ഇതോടെ ഇതിഹാസ താരം മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ ബോക്സറായി ലവ്ലിന മാറി. അതേസമയം ബോക്സിംഗ് പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തിൽ അങ്കുഷ് പംഗലും സ്വർണം നേടി.
പിന്നാലെ ഗുസ്തിയിലും ഇന്ത്യക്കായി സുജീത് പൊന്നണിഞ്ഞു. പുരുഷന്മാരുടെ ഗുസ്തി ഫ്രീസ്റ്റൈൽ 65 കിലോഗ്രാം വിഭാഗത്തിസാണ് സുജീത് കൽകൽ സ്വർണം നേടിയത്. 2-9 എന്ന നിലയിൽ നിന്ന് ശക്തമായി തിരിച്ചുവന്നാണ് സുജീത് ഒന്നാമതെത്തിയത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 75 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ. ഫൈനലിൽ ചൈനയുടെ സിയീ ബാവോയ്ക്കെതിരേ ഏകപക്ഷീയമായിരുന്നു (5-0) ലവ്ലിനയുടെ വിജയം. 29-ാം ജന്മദിനത്തിലാണ് താരത്തിന്റെ സ്വർണ നേട്ടം.
ഇതോടെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ ബോക്സറായി ലവ്ലിന മാറി. 2014-ൽ എം.സി. മേരി കോമാണ് ഇതിനുമുമ്പ് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയത്. ലവ്ലിനയുടെ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡലാണിത്.
ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ലവ്ലിന, സെമിഫൈനലിൽ കസാഖിസ്ഥാന്റെ ലോക ചാമ്പ്യൻ നതാലിയ ബോഗ്ദാനോവയെ 3-2 എന്ന സ്കോറിനാണ് കീഴടക്കിയാണ് ഫൈനലിൽ കടന്നത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. കരുത്തരായ ദക്ഷിണ കൊറിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ ടീം ചരിത്ര മുന്നേറ്റം നടത്തിയത്. വ്യാഴാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യക്കായി ഇഷിക ചൗധരി, ക്യാപ്റ്റൻ സലീമ ടിറ്റേ എന്നിവരാണ് ലക്ഷ്യം കണ്ടത്.
നിലവിലെ ചാമ്പ്യൻമാരായ കരുത്തരായ ചൈനയാണ് വെള്ളിയാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയുടെ എതിരാളികൾ. അവസാനമായി ഇന്ത്യ ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ സ്വർണ മെഡൽ നേടിയത് 1982ൽ ന്യൂഡൽഹിയിൽ നടന്ന ഗെയിംസിലാണ്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ചൈനയെ തോൽപ്പിക്കാനായാൽ 44 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തേക്ക് ഏഷ്യൻ ഗെയിംസ് ഹോക്കി സ്വർണം മടങ്ങിയെത്തും.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയുടെ സുനിൽ കുമാറിന് വെങ്കലം. 87 കിലോ പുരുഷ വ്യക്തിഗത ഇനത്തിലാണ് സുനിൽ കുമാർ വെങ്കലം നേടിയത്.
വെങ്കല മെഡൽ മത്സരത്തിൽ ഫീലിപ്പിൻസ് താരം കാലം ജോൺസ്റ്റണിനെ സുനിൽ കുമാർ തോൽപ്പിച്ചത്. 9-0 ത്തിനാണ് സുനിൽ കുമാർ വിജയിച്ചത്.
Sports
നഗോയ: എഷ്യൻ ഗെയിംസ് ആർച്ചറിയിൽ കോമ്പൗണ്ട് ഇനത്തിൽ മൂന്ന് സ്വർണം നേടി ഇന്ത്യ. പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയതോടെയാണ് ഹാട്രിക് തികച്ചത്. ഫൈനലിൽ ചൈനയെ തോൽപ്പിച്ചു.
238-237 എന്ന സ്കോറിനാണ് പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യ ചൈനയെ പരാജയപ്പെടുത്തിയത്. കുശാൽ, സാഹിൽ ജാധവ്, ഗണേഷ് മണി എന്നിവരടങ്ങിയ സംഘമാണ് പൊന്നണിഞ്ഞത്. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പത്താം സ്വർണമാണിത്.
നേരത്തേ ഇന്ത്യൻ മിക്സ്ഡ് കോമ്പൗണ്ട് ടീമും വനിതാ കോമ്പൗണ്ട് ടീമും സ്വർണം നേടിയിരുന്നു. ചികിത തനിപർത്തി-സഹിൽ യാദവ് എന്നിവരടങ്ങിയ ഇന്ത്യൻ മിക്സ്ഡ് കമ്പൗണ്ട് ടീം ദക്ഷിണ കൊറിയയുടെ പാർക്ക് ജംഗ് യൂൺ-ചോയ് യോംഗ് സഖ്യത്തെയാണ് നാടകീയ പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. മത്സരം 157-157 എന്ന നിലയിൽ സമനിലയിലായതോടെയാണ് വിജയികളെ തീരുമാനിക്കാൻ ഷൂട്ട് ഓഫ് വേണ്ടിവന്നത്.
വനിതാ കോമ്പൗണ്ട് ഫൈനലിൽ ചികിത തനിപർത്തി, ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ് എന്നിവരടങ്ങിയ ഇന്ത്യൻ സംഘം ചൈനയെ 238-234 എന്ന സ്കോറിന് കീഴടക്കിയാണ് സ്വർണം നിലനിർത്തിയത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് ട്രാപ്പ് ഷൂട്ടിംഗ് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം. നീരു ദണ്ഡയും കൈനാൻ ചെനായിയും അടങ്ങിയ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്.
ഗെയിംസിന്റെ 11-ാം ദിനം ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാമത്തെ സ്വർണമാണിത്. ഫൈനലിൽ തകർപ്പൻ തിരിച്ചുവരവിലൂടെയായിരുന്നു ഇന്ത്യയുടെ സുവർണ നേട്ടം. തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം നിർണായക നിമിഷങ്ങളിൽ എല്ലാ ഷോട്ടുകളും കൃത്യമായി ലക്ഷ്യത്തിലെത്തിച്ച ഇന്ത്യൻ ജോഡി, ഖത്തറിനെ ഒരു പോയിന്റിന് മറികടന്നാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
34 പോയിന്റകൾ നേടി ഏഷ്യൻ റിക്കാർഡ് തകർത്താണ് ഇന്ത്യയുടെ ഈ നേട്ടം. വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ നീരു ദണ്ഡയ്ക്ക് രണ്ട് ദിവസത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ സ്വർണ മെഡലാണിത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ ആർച്ചറിയിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. മിക്സ്ഡ് ടീം കോമ്പൗണ്ട് ഫൈനലിൽ ശക്തരായ ദക്ഷിണ കൊറിയയെ ഷൂട്ട് ഓഫിൽ കീഴടക്കി ഇന്ത്യയുടെ തനിപർത്തി ചികിത - സാഹിൽ രാജേഷ് യാദവ് സഖ്യം സ്വർണം നേടി.
ഇന്ന് അമ്പെയ്ത്തിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. ഫൈനലിൽ
ഇരു ടീമുകളും 157 വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ട്ഓഫിലേയ്ക്ക് നീണ്ടത്. ഷൂട്ട് ഓഫിൽ ഇന്ത്യ 20 പോയിന്റ് നേടിയപ്പോൾ കോറിയയ്ക്ക് 10 പോയിന്റ് മാത്രമെ നേടാൻ സാധിച്ചുള്ളു. ഇതോടെയാണ് ഇന്ത്യ സ്വർണം കരസ്ഥമാക്കിയത്.
ഈ ഗെയിംസിലെ ഇന്ത്യയുടെ എട്ടാം സ്വർണമാണ് ആർച്ചറി മിക്സഡ് ടീമിലൂടെ ലഭിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 54 ആയി.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ആർച്ചറിയിൽ ഇന്ത്യയ്ക്ക് സ്വർണം. കോംപൗണ്ട് വനിതാ ടീമിനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്.
ചികിത, പ്രിതിക, ജ്യോതി എന്നിവരടങ്ങിയ ടീമാണ് സ്വർണം കരസ്ഥമാക്കിയത്. ഫൈനലിൽ ചൈനയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഇന്ത്യ 238 പോയിന്റാണ് നേടിയത്. ചൈനയ്ക്ക് 234 പോയിന്റാണ് നേടാനായത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ ബോക്സിംഗിൽ ഇന്ത്യയുടെ പർവീൺ ഹൂഡ ഫൈനലിൽ. 65 കിലോ വിഭാഗത്തിലാണ് പർവീൺ ഫൈനലിലെത്തിയത്.
സെമിഫൈനലിൽ ചൈനയുടെ ലീ ഷു യെ ആണ് പർവീൺ തോൽപ്പിച്ചത്. 5-0 ത്തിനാണ് പർവീൺ വിജയിച്ചത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ബോക്സിംഗിൽ ഇന്ത്യൻ താരം നരേന്ദർ ബെർവാളിന് വെങ്കലം. 90+ വിഭാഗത്തിലാണ് നരേന്ദർ ബെർവാളിന് വെങ്കലം ലഭിച്ചത്.
സെമിയിൽ കസാഖിസ്ഥാന്റെ എയ്ബക്ക് ഒരാൾബേയോട് 0-5ന് പരാജയപ്പെട്ടെങ്കിലും വെങ്കലം ലഭിക്കുകയായിരുന്നു. ഈ ഇനത്തിൽ വെങ്കല മെഡലിനായി മത്സരം ഇല്ലാത്തതിനാൽ സെമിയിൽ എത്തുന്ന താരങ്ങൾക്ക് വെങ്കല മെഡൽ എങ്കിലും ഉറപ്പാണ്.
ഈ ഗെയിംസിലെ ഇന്ത്യയുടെ 21 വെങ്കലമാണ് നരേന്ദർ ബെർവാളിലൂടെ ലഭിച്ചത്. ഇതുവരെ 47 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
Kerala
നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് അഞ്ചാം സ്വര്‍ണം. വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഷൂട്ടിംഗില്‍ നീരു ധണ്ഡ സ്വര്‍ണം വെടിവച്ചുനേടി. ഏഷ്യന്‍ റിക്കാര്‍ഡ് കുറിച്ചാണ് നീരുവിന്റെ സുവര്‍ണ നേട്ടം എന്നതും ശ്രദ്ധേയം. ഇരുപത്താറുകാരിയായ ഈ ഹരിയാന സ്വദേശി ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായാണ് സ്വര്‍ണം നേടുന്നത്. 2025 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2026 ലോകകപ്പ് എന്നീ പോരാട്ടങ്ങളിലും സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്.
ഫൈനലില്‍ 28 പോയിന്റ് നേടിയാണ് നീരു ഏഷ്യന്‍ റിക്കാര്‍ഡ് കുറിച്ചത്. ചൈനീസ് തായ്പേയിയുടെ ലിയു വാന്‍ യൂസിന്റെ (24) പേരിലെ റിക്കാര്‍ഡാണ് നീരു മായ്ച്ചു കളഞ്ഞത്. ചൈനയുടെ യുനോംഗ് സണ്ണിനാണ് (26) വെള്ളി. കുവൈറ്റിന്റെ ഹജാര്‍ അബ്ദുള്മാലിക്ക് (21) വെങ്കലം സ്വന്തമാക്കി.
ചരിത്രസ്വര്‍ണം
ഏഷ്യന്‍ റിക്കാര്‍ഡോടെയാണ് നീരുവിന്റെ സ്വര്‍ണം എന്നതിലുപരി, ഗെയിംസ് ചരിത്രത്തില്‍ വനിതാ വ്യക്തിഗത ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന ചരിത്രവും നീരു ധണ്ഡ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇതുവരെയായി അഞ്ച് ഇന്ത്യന്‍ പുരുഷ താരങ്ങള്‍ വ്യക്തിഗത മെഡല്‍ നേടിയിട്ടുണ്ട്. 1978ല്‍ രണ്‍ധീര്‍ സിംഗ് സ്വര്‍ണം നേടിയതാണ് ഇതില്‍ പ്രധാനം. രണ്‍ധീര്‍ സിംഗ് 1982ല്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു. കര്‍ണി സിംഗ് (1974, വെള്ളി), മാനവ്ജിത് സിംഗ് സന്ധു (2006, വെള്ളി), ലക്ഷയ് ഷിയോറന് (2018, വെള്ളി), കൈനന്‍ ചെനായി (2022, വെങ്കലം) എന്നിവരാണ് ഈയിനത്തില്‍ വ്യക്തിഗത മെഡല്‍ നേടിയ മറ്റു താരങ്ങള്‍.
സ്വര്‍ണവും വെള്ളിയും
സ്വര്‍ണത്തിനു മുമ്പ്, ഇന്നലെ രാവിലെ വെള്ളിയിലും നീരു മുത്തമിട്ടു. നീരു ധണ്ഡ, ആഷിമ അഹ് ലാവത്, മനീഷ കീര്‍ എന്നിവരുടെ വനിതാ ട്രാപ്പ് ടീമാണ് വെള്ളിയിലേക്കു തെറ്റാതെ ഉന്നംവച്ചത്. ഫൈനലില്‍ 328 പോയിന്റ് നേടിയായിരുന്നു ഇന്ത്യന്‍ വനിതാ ടീമിന്റെ മെഡൽ നേട്ടം. 346 പോയിന്റുമായി ചൈന സ്വര്‍ണവും 325 പോയിന്റുമായി കുവൈറ്റ് വെങ്കലവും സ്വന്തമാക്കി.
2018 ഏഷ്യൻ ഗെയിംസിലെ സ്വപ്നം
2018 ഏഷ്യന്‍ ഗെയിംസില്‍ ലക്ഷയ് ഷിയോറന് വെള്ളി നേടിയതാണ് നീരുവിനെ ട്രാപ്പ് ഷൂട്ടിംഗിലേക്ക് ആകര്‍ഷിച്ചത്. നീരുവിന്റെ മാതൃസഹോദര പുത്രനാണ് ലക്ഷയ്. 2018 ജക്കാര്‍ത്ത ഗെയിംസിലായിരുന്നു ലക്ഷയ്യുടെ വെള്ളി നേട്ടം. അതോടെ വീട്ടിലെ ഡബിള്‍ ബാരല്‍ തോക്കുമായി, വീപ്പകളിലേക്ക് ഉന്നംവച്ച് നീരു ഷൂട്ടിംഗ് ആരംഭിച്ചു. ലക്ഷയ്യുടെ തോക്കുമായി പിന്നീട് പരിശീലനം. മധ്യപ്രദേശ് അക്കാദമിയിലേക്കു സെലക്ഷന് ലഭിച്ചതോടെ പിന്നീടെല്ലാം സുഗമമായി.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വെള്ളി. വനിതകളുടെ ട്രാപ്പ് ടീമിനത്തിലാണ് ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചത്.
നീരു, ആഷിമ, മനീഷ എന്നിവരടങ്ങിയ സംഘമാണ് മെഡൽ നേടിയത്. 328 പോയിന്റ് നേടിയാണ് ഇവർ രണ്ടാമതെത്തിയത്.
346 പോയിന്റ് നേടിയ ചൈനയാണ് സ്വർണം നേടിയത്. 325 പോയിന്റുമായി കുവൈത്താണ് വെങ്കല മെഡൽ കരസ്ഥമാക്കിയത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം. 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വിത്യ മൂന്നാം സ്ഥാനത്തെത്തിയത്. മെഡൽ നേട്ടത്തിനൊപ്പം 42 വർഷം പഴക്കമുള്ള ദേശീയ റിക്കാർഡും താരം തിരുത്തി.
1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡിന്റെ റിക്കാർഡാണ് വിത്യ മറികടന്നത്. ഫൈനലിൽ യുഎഇയുടെ മറിയം കരീം 54.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. കസാക്കിസ്ഥാന്റെ അദെലിന സെംസ് 54.58 സെക്കൻഡിൽ വെള്ളി സ്വന്തമാക്കി.
മലയാളി താരം അനു രാഘവൻ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ തമിഴരശൻ സന്തോഷ് കുമാർ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Sports
നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയുടെ സെമി എതിരാളികൾ ആരെന്ന് ചൊവ്വാഴ്ച അറിയാം. കനത്ത മഴയെ തുടർന്ന് അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചത്. ചൊവ്വാഴ്ച നടക്കുന്ന നേപ്പാൾ-ശ്രീലങ്ക ക്വാർട്ടർ ഫൈനലിലെ വിജയികളെയാണ് ഇന്ത്യ വ്യാഴാഴ്ച രണ്ടാം സെമിയിൽ നേരിടുക.
നിഷിനിലെ കൊറോഗി സ്പോർട്സ് പാർക്ക് തന്നെയാണ് സെമി പോരാട്ടത്തിന്റെയും വേദി. അതേസമയം ഇന്ത്യ - അഫ്ഗാൻ മത്സരം ഉപേക്ഷിച്ചതിൽ അഫ്ഗാൻ താരം മുഹമ്മദ് അക്രം സസായ് നിരാശ പ്രകടിപ്പിച്ചു. ടൂർണമെന്റ് നിയമപ്രകാരം നോക്കൗട്ട് മത്സരം മഴയോ മോശം കാലാവസ്ഥയോ മൂലം ഉപേക്ഷിക്കേണ്ടി വന്നാൽ ഉയർന്ന സീഡിംഗുള്ള ടീമിനാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം.
ഐസിസി ടി20 റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് സീഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനേക്കാൾ റാങ്കിംഗിൽ മുന്നിലുള്ള ഇന്ത്യയ്ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുകയായിരുന്നു.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് 2026ൽ കുറാഷിൽ ഇന്ത്യയുടെ പിങ്കി ബൽഹാരയ്ക്ക് വെങ്കലം. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിലാണ് പിങ്കി ബൽഹാര മെഡൽ നേടിയത്.
സെമിഫൈനലിൽ ദക്ഷിണ കൊറിയയുടെ മോ സുമിനോട് 0-5 എന്ന സ്കോറിന് പിങ്കി പരാജയപ്പെട്ടെങ്കിലും വെങ്കലം ലഭിക്കുകയായിരുന്നു. ഈ ഇനത്തിൽ വെങ്കല പോരാട്ടം ഇല്ലാത്തതിനാലാണ് സെമിഫൈനലിസ്റ്റായ പിങ്കിക്ക് വെങ്കലം ലഭിച്ചത്.
ആ ഗെയിംസിലെ ഇന്ത്യയുടെ 18-ാം വെങ്കലം പിങ്കി നേടിയത്. ഇന്ത്യ ഇതുവരെ 39 മെഡലുകളാണ് സ്വന്തമാക്കിയത്.
Sports
നഗോയ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില് ഇന്ത്യക്കിന്നു മെഡല്‍ പ്രതീക്ഷാദിനം. പുരുഷ ലോംഗ്ജംപില് മലയാളി താരം ശ്രീശങ്കര്‍, വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി ആര്. അനു, പുരുഷ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാശ് സാബ്ലെ, പുരുഷ ജാവലിന്‍ത്രോയില്‍ രോഹിത് യാദവ്, യഷ് വീര്‍ സിംഗ്, വനിതാ ഡിസ്കസ്ത്രോയില്‍ സീമ തുടങ്ങിയവരെല്ലാം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്.
യോഗ്യതാ റൗണ്ടില്‍ 7.84 മീറ്റര്‍ ശ്രീശങ്കര്‍ കുറിച്ചു. ഉസ്ബക്കിസ്ഥാന്റെ അന്‍വര്‍ അന്വറോവാണ് (8.00) യോഗ്യതാ റൗണ്ടില്‍ മികച്ച ദൂരം കണ്ടെത്തിയത്. ഇന്ത്യന്‍ സമയം വൈകുന്നേരം 4.25 മുതലാണ് ഫൈനല്‍.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോംഗ്ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി വെള്ളി നേടിയത്. അവസാന ശ്രമം വരെ മുന്നിലായിരുന്ന ആൻസിക്ക് ചെറിയ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്.
6.55 മീറ്റർ ദൂരം ചാടിയ ചൈനീസ് താരം യിംഗ്യിംഗ് ഹുവാംഗാണ് സ്വർണം നേടിയത്. ചൈനയുടെ തന്നെ മെംഗ്യി ടാൻ ആണ് വെങ്കല മെഡൽ കരസ്ഥമാക്കിയത്.
തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലാണ് ആൻസി വെള്ളി നേടുന്നത്.
Sports
നാഗോയ: ഏഷ്യൻ ഗെയിംസ് സ്ക്വാഷ് സിംഗിൾസിൽ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി നേട്ടം. വനിതാ സിംഗിൾസിൽ ഇന്ത്യയുടെ കൗമാര താരം അനാഹത് സിംഗ് വെള്ളി മെഡൽ സ്വന്തമാക്കി. ഈ ഇനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന ചരിത്രനേട്ടമാണ് അനാഹത് കുറിച്ചത്.
ആവേശകരമായ വനിതാ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യനും മലേഷ്യൻ താരവുമായ ശിവസംഗരി സുബ്രഹ്മണ്യത്തോടാണ് അനാഹത് പരാജയപ്പെട്ടത്. സ്കോർ: 4-11, 4-11, 7-11. സെമി ഫൈനലിൽ ജപ്പാന്റെ കരുത്തയായ താരം സതോമി വതനാബെയോട് ആദ്യ രണ്ട് സെറ്റുകൾക്ക് പിന്നിലായ ശേഷം അവിശ്വസനീയമായി തിരിച്ചുവരവ് നടത്തിയാണ് താരം ഫൈനൽ യോഗ്യത നേടിയത്.
പുരുഷന്മാരുടെ സിംഗിൾസിലും ഇന്ത്യയുടെ അഭയ് സിംഗും വെള്ളി മെഡൽ നേടിയിരുന്നു. മലേഷ്യയുടെ എൻജി എയ്ൻ യോയോട് പരാജയപ്പെട്ടാണ് അഭയ് സിംഗ് വെള്ളി മെഡലിൽ ഒതുങ്ങിയത്. ഇവർക്ക് പുറമെ മിക്സഡ് ഡബിൾസിൽ ജോഷ്ന ചിന്നപ്പ - വേലവൻ സെന്തിൽകുമാർ സഖ്യം ഇന്ത്യയ്ക്കായി വെങ്കല മെഡലും നേടിയിരുന്നു.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിംഗിന് വെള്ളി. 20.64 മീറ്റർ ദൂരത്തേയ്ക്ക് എറിഞ്ഞാണ് തജീന്ദർപാൽ സിംഗ് വെള്ളി നേടിയത്. അഞ്ചാം ശ്രമത്തിലാണ് തജീന്ദർപാൽ സിംഗിന് 20.64 മീറ്റർ ദൂരത്തേയ്ക്ക് എറിയാനായത്.
20.81 മീറ്റർ ദൂരത്തേയ്ക്ക് എറിഞ്ഞ ഇറാന്റെ മുഹമ്മദ്രെസ തയെബിസെയ്ക്ക് ആണ് സ്വർണം. സൗദി അറേബ്യയുടെ മുഹമ്മദ് തോലു വെങ്കലം നേടി.
കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയ തജീന്ദർപാൽ സിംഗിന് ഇത്തവണ നിസാര വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ഇതോടെ തുടർച്ചയായ മൂന്ന് ഏഷ്യൻ ഗെയിംസുകളിലും ഷോട്ട്പുട്ടിൽ മെഡൽ നേടുന്ന താരമായി തജീന്ദർപാൽ സിംഗ്.
ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 28 ആയി. നാല് സ്വർണവും 11 വെള്ളിയും 13 വെങ്കലവും ആണ് ഇതുവരെ ഇന്ത്യ നേടിയത്. നിലവിൽ ഗെയിംസിൽ 11-ാം സ്ഥാനത്താണ് ഇന്ത്യ.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ മൻപ്രീത് കൗറിന് വെങ്കലം. 17.17 മീറ്ററാണ് മൻപ്രീത് എറിഞ്ഞത്. 16.32 മീറ്ററിൽ തുടങ്ങിയ മൻപ്രീത് നാലാം ശ്രമത്തിലാണ് ഈ ദൂരം കണ്ടെത്തിയത്. ഒരു ശ്രമം പാഴായി.
അത്ലറ്റിക്സിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. വനിതകളുടെ പതിനായിരം മീറ്ററിൽ സീമ വെങ്കലവും 400 മീറ്റർ മിക്സഡ് റിലേ ടീം വെള്ളിയും നേടിയിരുന്നു.
19.40 മീറ്റർ എറിഞ്ഞ ചൈനയുടെ ജിയാൻയുവാൻ സോംഗ് സ്വർണവും 18.14 മീറ്റർ എറിഞ്ഞ ലിൻ റു ഷാങ് വെള്ളിയും നേടി. മലയാളി താരം കൃഷ്ണ ജയശങ്കർ മേനോന് 16.57 മീറ്റർ എറിഞ്ഞ് അഞ്ചാമതായി. ആദ്യ ശ്രമത്തിൽ തന്നെ ഈ ദൂരം കണ്ടെത്തിയ കൃഷ്ണയ്ക്ക് പിന്നീട് മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം. വനിതകളുടെ സ്കീറ്റ് ടീം ഇനത്തിൽ മഹേശ്വരി ചൗഹാൻ, പരീനാസ് ധാലിവാൾ, റൈസ ധില്ലൻ എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യം വെങ്കല മെഡൽ സ്വന്തമാക്കി.
മൂന്ന് ദിവസം നീണ്ടുനിന്ന യോഗ്യതാ റൗണ്ടുകൾക്കൊടുവിൽ 331 പോയിന്റോടെയാണ് ഇന്ത്യൻ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിൽ ചൈന 357 പോയിന്റോടെ സ്വർണവും കസാഖിസ്താൻ 336 പോയിന്റോടെ വെള്ളി മെഡലും നേടി.
വ്യക്തിഗത പ്രകടനത്തിൽ, പരീനാസ് ധാലിവാളും റൈസ ധില്ലനും 111 പോയിന്റുകൾ വീതം നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചപ്പോൾ മഹേശ്വരി ചൗഹാൻ 109 പോയിന്റുകൾ നേടി. യോഗ്യതാ റൗണ്ടിൽ റൈസ എട്ടാം സ്ഥാനത്തും പരീനാസ് ഒൻപതാം സ്ഥാനത്തും ഫിനിഷ് ചെയ്ത് വനിതാ സ്കീറ്റ് വ്യക്തിഗത ഇനത്തിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്.
ഈ നേട്ടത്തോടെ ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം എട്ടായി ഉയർന്നു. ഷൂട്ടിംഗ് റെയ്ഞ്ചിൽ നിന്ന് മാത്രം നാല് വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിലെ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പാക്കി ജയ് മീന. പുരുഷ വിഭാഗത്തിൽ സെമിഫൈനലിൽ കടന്നതോടെയാണ് ജയ് മീന മെഡൽ ഉറപ്പിച്ചത്.
ക്വാർട്ടർ ഫൈനലിൽ ഫിലിപ്പീൻസിന്റെ ഷെർവിൻ നുഗുയിറ്റിനെ പരാജയപ്പെടുത്തിയാണ് ജയ് മീന സെമിഫൈനലിൽ പ്രവേശിച്ചത്. തീപാറുന്ന പോരാട്ടത്തിൽ 4-3 (0-4, 4-2, 2-4, 5-3, 2-4, 7-5) എന്ന സ്കോറിനായിരുന്നു ജയ് മീനയുടെ വിജയം.
Sports
നഗോയ: ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനത്തിൽ ഇന്ത്യയ്ക്ക് സമ്മിശ്ര തുടക്കം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ മനു ഭാക്കർ 579 പോയിന്റോടെ നാലാം സ്ഥാനക്കാരിയായി വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി.
മത്സരത്തിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന മനു ഭാക്കർ ആറാം സീരീസിൽ 98 പോയിന്റുകൾ മികച്ച തിരിച്ചുവരവ് നടത്തിയത്. എന്നാൽ ഇന്ത്യ സ്വർണമെഡൽ ഉറപ്പിച്ചിരുന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ തിരിച്ചടി നേരിട്ടതോടെ ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ ഇടം നേടാനായില്ല.
Kerala
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ. പൂൾ എ മത്സരത്തിൽ ഒന്നിനെതിരെ 16 ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ജുഗ്രാജ് സിംഗ് നാല് ഗോൾ നേടിയപ്പോൾ അഭിഷേകും ദിൽപ്രീതും ഹാട്രിക് നേടി. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.
മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ഇന്ത്യ ഗോളടിക്ക് തുടക്കമിട്ടു. അഞ്ചാം മിനിറ്റിൽ മന്ദീപ് സിങ്ങാണ് ഗോളടിച്ചത്. പിന്നാലെ പത്താം മിനിറ്റിലും പതിനൊന്നാം മിനിറ്റിലും ഇന്ത്യ ലങ്കൻ വലകുലുക്കി. 10-ാം മിനിറ്റിൽ ജുഗ്രാജ് സിങ്ങും 11-ാം മിനിറ്റിൽ അഭിഷേക് നൈനുമാണ് ഗോളടിച്ചത്.
അതോടെ ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ മൂന്നുഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ഇന്ത്യ ലങ്കയെ നിഷ്പ്രഭമാക്കുന്നതാണ് മൈതാനത്ത് കണ്ടത്.
രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്. പിന്നാലെ അഭിഷേകും ജുഗ്രാജും മത്സരത്തിലെ തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി. അഭിഷേക് 17-ാം മിനിറ്റിലും ജുഗ്രാജ് 22-ാം മിനിറ്റിലും വലകുലുക്കി.
പിന്നാലെ സുഖ്ജീത്തും ദിൽപ്രീതും ഗോളടിച്ചതോടെ രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ എട്ടുഗോളിന് മുന്നിലെത്തി. പിന്നീടങ്ങോട്ട് ലങ്കയ്ക്ക് കാര്യമായി ഒന്നും നടപ്പാക്കാനായില്ല. ഇന്ത്യയുടെ മുന്നേറ്റങ്ങലെ തടയാനാവാതെ ലങ്ക കുഴങ്ങി. ഇന്ത്യൻ മുന്നേറ്റനിര ഗോളടിച്ചുകൂട്ടുന്നത് കണ്ടുനിൽക്കാനേ ലങ്കയ്ക്ക് സാധിച്ചുള്ളൂ.
രണ്ടാം ക്വാർട്ടറിന് സമാനമായി മൂന്നാം ക്വാർട്ടറിലും ഇന്ത്യ അഞ്ച് ഗോളുകൾ അടിച്ചുകൂട്ടി. മൻപ്രീത് സിങ്ങാണ് മൂന്നാം ക്വാർട്ടറിലെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 36-ാം മിനിറ്റിൽ വിവേകും 38-ാം മിനിറ്റിൽ ദിൽപ്രീതും ഗോളടിച്ചു. 42-ാം മിനിറ്റിൽ ലക്ഷ്യം കണ്ടതോടെ ജുഗ്രാജ് ഹാട്രിക് തികച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് മത്സരത്തിലെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ ഇന്ത്യ 13-0 ന് മുന്നിലായി.
നാലാം ക്വാർട്ടറിൽ അഭിഷേകും ദിൽപ്രീതും ഹാട്രിക് നേടി. ജുഗ്രാജ് മത്സരത്തിലെ തന്റെ നാലാം ഗോളും ലങ്കൻ വലയിലെത്തിച്ചു. സുരേഷ് രത്നായകെയിലൂടെ ലങ്ക ആശ്വാസഗോളും നേടി. അതോടെ 16-1 ന്റെ തകർപ്പൻ ജയവുമായി ഇന്ത്യ മടങ്ങി.
Sports
നഗോയ: ഏഷ്യൻ ഗെയിംസിലെ വെള്ള മെഡൽ നേട്ടം എട്ട് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് മലയാളി ഷൂട്ടിംഗ് താരം വിദർശ കെ. വിനോദ്. സാമ്പത്തികമായി വലിയ രീതിയിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. 2023-24 കാലത്ത് ഷൂട്ടിംഗ് ഉപേക്ഷിക്കാൻ പോലും ആലോചിച്ചിരുന്നു. പക്ഷേ, ലക്ഷ്യത്തിൽ നിന്ന് പിന്മാറിയില്ലെന്നും വിദര്‍ശ പറഞ്ഞു. ടീമിന് മികച്ച രീതിയിൽ പ്രകടനം നടത്താനായന്നും വിദര്‍ശ പറഞ്ഞു.
കേരളത്തിൽ മികച്ച പരിശീലനം ലഭിക്കുന്നില്ലെന്ന വിഷമവും വിദര്‍ശ പങ്കുവച്ചു. ഷൂട്ടിങ് താരങ്ങൾക്ക് ഒരുപാട് അവസരം ഉണ്ട്. പക്ഷേ, പ്രാക്ടീസ് ഇല്ലെങ്കിൽ കൃത്യമായി ഷോട്ട് എടുക്കാൻ സാധിക്കില്ല. സാമ്പത്തിക ബുദ്ധിമുട്ടാണ് പല താരങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. കേരളത്തിൽ മികച്ച പരിശീലന സൗകര്യങ്ങൾ വേണമെന്നും വിദര്‍ശ പറഞ്ഞു.
മെഡൽ നേട്ടത്തിൽ ഒരുപാട് സന്തോഷമുണ്ട്. വെള്ളി മെഡലിന്റെ സന്തോഷത്തിനിടയിലും പോഡിയത്തിൽ ദേശീയഗാനം കേൾക്കാനാകാത്തതിൽ നിരാശയുണ്ടെന്ന് താരം പ്രതികരിച്ചു. അടുത്ത മത്സരത്തിൽ രാജ്യത്തിന് അഭിമാനമായി പോഡിയത്തിൽ ദേശീയ ഗാനം കേൾപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദര്‍ശ. സെപ്റ്റംബർ 26ന് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലാണ് വിദർശയുടെ അടുത്ത മത്സരം.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ത്യൻ വനിത ടീം ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നിസ് ടീമിനത്തിൽ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ തായ്ലൻഡിനെയാണ് ഇന്ത്യ തോൽപിച്ചത്. സ്കോർ: 3-2. ക്വാർട്ടറിൽ ഉത്തര കൊറിയയാണ് ഇന്ത്യയുടെ എതിരാളി.
ആദ്യ സിംഗിൾസിൽ ഇന്ത്യയുടെ ശ്രീജ അകുല തായ്ലൻഡിന്റെ ഒറാവാൻ പാരാനാംഗിനോട് പരാജയപ്പെട്ടു. ആദ്യ രണ്ട് ഗെയിമുകളും സ്വന്തമാക്കിയ ശേഷമാണ് ശ്രീജ തോൽവി വഴങ്ങിയത്. പിന്നീട് മൂന്ന് ഗെയിമുകളും സ്വന്തമാക്കിയ തായ്ലൻഡ് താരം ശക്തമായി തിരിച്ചുവന്നു.
സ്കോർ: 7-11, 1-11, 11-9, 11-6, 12-10. രണ്ടാം സിംഗിൾസിൽ യശസ്വിനി തായ്ലൻഡിന്റെ സുതാസിനി സവെത്തഭട്ടിനെ പരാജയപ്പെടുത്തി ഇന്ത്യയെ ഒപ്പമെത്തിച്ചു. സ്കോർ: 11-8, 5-11, 7-11, 11-9, 11-9. എന്നാൽ, മൂന്നാം സിംഗിൾസിൽ ദിയ ചിതാലെ ജിന്നിപ സവേത്താഭട്ടിനോട് പരാജയപ്പെട്ടതോടെ തായ്ലൻഡിന് ലീഡായി. സ്കോർ : 11-7, 5-11, 7-11, 11-7, 13-11.
നാലാം സിംഗിൾസിൽ യശ്വിസിനി വീണ്ടും മത്സരം ഒപ്പത്തിനൊപ്പമാക്കി. പാരാംഗിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരം തോൽപ്പിച്ചത്. അവസാനമത്സരത്തിൽ ശ്രീജ, തായ്ലൻഡിന്റെ സുതാസിനിയെ കീഴടക്കിയതോടെ ഇന്ത്യക്ക് ക്വാർട്ടർ ഉറപ്പായി.
Sports
നിശ്ഹിൻ: ഏഷ്യൻ ഗെയിംസ് വനിതാ ടി20 യിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ ബംഗ്ലാദേശിനെ 114 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്.
ഇന്ത്യ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 15.4 ഓവറിൽ 81 റൺസിൽ ഓൾഔട്ടായി. 27 റൺസെടുത്ത ദിലാര അക്തറിന് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ചുനിൽക്കാനായത്.
ഇന്ത്യയ്ക്ക് വേണ്ടി നന്ദനി ശർമയും ദീപ്തി ശർമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീ ചരണി രണ്ട് വിക്കറ്റും ക്രാന്തി ഗൗഡും ശ്രെയാങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. ഷെഫാലി വർമയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഹർമർപ്രീത് കൗറിന്റെയും സ്മൃതി മന്ദാനയുടെയും മികച്ച ഇന്നിംഗ്സുകളുടെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
49 പന്തിൽ നിന്നാണ് ഷെഫാലി സെഞ്ചുറി നേടിയത്. മൂന്ന് ഫോറും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. ഹർമൻപ്രീത് കൗർ 40 റൺസും സ്മൃതി മന്ദാന 37 റൺസുമെടുത്തു.
ബംഗ്ലാദേശിന് വേണ്ടി മറുഫ അക്തറും ശൻജിത അക്തർ മേഖ്ലയും റബേയ ഖാനും നഹിത അക്തറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഫൈനലിൽ ശ്രീലങ്ക ആണ് ഇന്ത്യയുടെ എതിരാളി.
സിക്സിൽ സെഞ്ചുറി
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരേ രണ്ട് റിക്കാർഡുകളുമായി സ്മൃതി മന്ദാന. 19 പന്തിൽ 37 റണ്‍സടിച്ച താരം ട്വന്റി20 ക്രിക്കറ്റിൽ 100 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന റിക്കാർഡ് സ്വന്തമാക്കി. മത്സരത്തിൽ താരം രണ്ട് സിക്സ് നേടിയിരുന്നു.
അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റണ്‍സ് എന്ന റിക്കാാർഡും താരം പേരിലാക്കി. 4,788 റണ്‍സാണ് താരത്തിന്റെ സന്പാദ്യം.
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ നാളെ ജപ്പാനെ നേരിടും. രാവിലെ 9.30നാണ് മത്സരം. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന് വെല്ലുവിളിയുയർത്താൻ ജപ്പാന് സാധിക്കില്ലെന്നിരിക്കേ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ മത്സരത്തിനിറങ്ങുക.
Sports
നിശ്ഹിൻ: ഏഷ്യൻ ഗെയിംസ് വനിതാ ടി20യിൽ സെമിഫൈനലിൽ കടന്ന് ഇന്ത്യ. ക്വാർട്ടറിൽ ജപ്പാനെതിരെ അനായാസ വിജയം നേടിയാണ് ഇന്ത്യ സെമിയിലെത്തിത്. എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ജപ്പാൻ ഉയർത്തിയ 58 റൺസ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് ഓവറിൽ മറികടന്നു. 15 പന്തിൽ 40 റൺസെടുത്ത ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ അനായാസമായി ലക്ഷ്യം മറികടന്നത്. റിച്ച ഘോഷ് 12 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഗുണാളൻ കമാലിനി (0) യുടെയും ഭാർതി ഫുൽമാലി (6) യുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. ജപ്പാന് വേണ്ടി നോനോഹ യശുമോട്ടോയും അയാക കാറ്റോ-സ്റ്റാഫോർഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ 19.5 ഓവറിൽ 57 റൺസിൽ ഓൾഔട്ടൗവുകയായിരുന്നു. 25 റൺസ് നേടിയ അയാക കാറ്റോ-സ്റ്റാഫോർഡിന് മാത്രമാണ് ജാപ്പനീസ് നിരയിൽ പിടിച്ചുനിൽക്കാനായത്. ഹരുണ ഇവാസാക്കി 10 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി നാല് വിക്കറ്റെടുത്തു. ഷെഫാലി വർമ രണ്ട് വിക്കറ്റും ശ്രെയങ്ക പാട്ടീലും ദീപ്തി ശർമയും ഓരോ വിക്കറ്റ വീതവും വീഴ്ത്തി.
Sports
നിശ്ഹിൻ: ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരെ ഇന്ത്യയ്ക്ക് 58 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ 19.5 ഓവറിൽ 57 റൺസിൽ ഓൾഔട്ടൗവുകയായിരുന്നു.
25 റൺസ് നേടിയ അയാക കാറ്റോ-സ്റ്റാഫോർഡിന് മാത്രമാണ് ജാപ്പനീസ് നിരയിൽ പിടിച്ചുനിൽക്കാനായത്. ഹരുണ ഇവാസാക്കി 10 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി നാല് വിക്കറ്റെടുത്തു. ഷെഫാലി വർമ രണ്ട് വിക്കറ്റും ശ്രെയങ്ക പാട്ടീലും ദീപ്തി ശർമയും ഓരോ വിക്കറ്റ വീതവും വീഴ്ത്തി.
Sports
നിശ്ഹിൻ: ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നിശ്ഹിനിലെ കൊരോഗി സ്പോർട്സ് പാർക്കിൽ രാവിലെ 10.30 മുതലാണ് മത്സരം.
ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വർമ, ഗുണാലൻ കമാലിനി, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ഭാർതി ഫുൽമാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, ശ്രീ ചരണി, ശ്രെയങ്ക പാട്ടീൽ, ക്രാന്തി ഗൗഡ്, നന്ദിനി ശർമ.
ടീം ജപ്പാൻ: ഹരുണ ഇവാസാക്കി, അകാരി നിഷിമുറ കാനോ (വിക്കറ്റ് കീപ്പർ), മായ് യനഗിഡ(ക്യാപ്റ്റൻ), ഇരിക ഒഡ, അഹില്യ ചാൻഡെൽ, ഷിമാകോ കാറ്റോ, അയാക കാറ്റോ-സ്റ്റാഫോർഡ്, അയുമി ഫുജികാവ, ഹിനാസെ ഗോട്ടോ, ഇരിക ടോഗുച്ചി ക്വിൻ, നൊനോഹ യഷുമോട്ടോ.
Sports
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വി.വി.എസ്.ലക്ഷ്മൺ പരിശീലിപ്പിക്കും. ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് മേധാവിയായ ലക്ഷ്മൺ കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു. അന്ന് ടീം സ്വർണ മെഡൽ നേടിയിരുന്നു.
ലക്ഷ്മണിനൊപ്പം സുനിൽ ജോഷി, ശുഭദീപ് ഘോഷ്, ഹൃഷികേശ് കനിത്കർ എന്നിവരും പരിശീലകസംഘത്തിലുണ്ടാകും. ഏഷ്യൻ ഗെയിംസും വെസ്റ്റ് ഇൻഡീസ് പരമ്പരയും ഒരേസമയം നടക്കുന്നതിനാലാണ് ലക്ഷ്മണിന് വീണ്ടും പരിശീലക ചുമതല നൽകിയത്. ജപ്പാനിലെ ഐചി-നഗോയയിലാണ് 19 മുതൽ ഒക്ടോബർ നാല് വരെ ഏഷ്യൻ ഗെയിംസ് നടക്കുന്നത്.
27 മുതൽ ഒക്ടോബർ 17 വരെയാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ പര്യടനം നടത്തുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ടീമിനൊപ്പമുണ്ടാകും. ഇതോടെയാണ് ഏഷ്യൻ ഗെയിംസിലെ ടീമിന്റെ പരിശീലക ചുമതല ലക്ഷ്മണിനെ ഏൽപ്പിച്ചത്.
ഇത്തവണയും ശക്തമായ ടീമുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിന് ഇറങ്ങുന്നത്. ശ്രേയസ് അയ്യറാണ് ടീമിനെ നയിക്കുന്നത്. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് തുടങ്ങിയ പേസർമാർക്കൊപ്പം അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിലുണ്ട്.
Sports
ന്യൂഡൽഹി: 2026 ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര കായിക മന്ത്രാലയം. 35 ഇനങ്ങളിലായി 492 കായിക താരങ്ങളാണ് രാജ്യത്തെ പ്രതിനിധീകരിക്കു. പട്ടികയിൽ 28 മലയാളികളുണ്ട്.
സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാലു വരെ ജപ്പാനിലെ ഐച്ചി-നഗോയയിലാണ് മത്സരങ്ങൾ. സംഘത്തിൽ 265 പുരുഷന്മാരും 227 വനിതകളുമുണ്ട്.73 പേരുള്ള അത്ലറ്റികാസാണ് ഏറ്റവും വലിയ വിഭാഗം. ഹോക്കിയിൽ 40 അംഗങ്ങളും ഷൂട്ടിംഗിലും ക്രിക്കറ്റിലുമായി 30 താരങ്ങളുമുണ്ട്.
Sports
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ നിരാശ. വനിതകളുടെ 50 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ മീനാക്ഷിയോട് തോറ്റു. 6-4 എന്ന സ്കോറിനാണ് വിനേഷ് പരാജയപ്പെട്ടത്.
ഇതോടെ 2026-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാമെന്ന വിനേഷിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. ആദ്യം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ വിനേഷും മീനാക്ഷിയും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും, നിര്‍ണായക നിമിഷങ്ങളില്‍ മേധാവിത്വം നിലനിര്‍ത്തിയ മീനാക്ഷി വിജയം ഉറപ്പാക്കി ഫൈനലിലേയ്ക്ക് യോഗ്യത നേടി.
ഏഷ്യന്‍ ഗെയിംസ് ലക്ഷ്യമിട്ട് മത്സരരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ വിനേഷിന് ഈ തോല്‍വി വലിയൊരു ആഘാതമായി. എങ്കിലും, മത്സരശേഷം ഗോദ വിടുമ്പോള്‍ മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ വിനേഷ് അവിടെയുണ്ടായിരുന്നവരുടെ കൈയടി നേടിയ ഒരു സന്ദേശം നല്കി.
"ഞാന്‍ വീണ്ടും തിരിച്ചുവരും' എന്നായിരുന്നു വിനേഷിന്റെ വാക്കുകള്‍. ഡൽഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ട്രയല്‍സില്‍ മികച്ച പ്രകടനത്തോടെയാണ് വിനേഷ് തുടക്കമിട്ടത്. പാരീസ് ഒളിമ്പിക്സിലെ ഹൃദയഭേദകമായ അനുഭവത്തിന് ശേഷം വിനേഷ് പങ്കെടുക്കുന്ന ആദ്യ മത്സരമാണിത്.
റൗണ്ട് ഓഫ് 16 മത്സരത്തില്‍ ജ്യോതിയെ 7-1 എന്ന സ്കോറിന് തകര്‍ത്ത് വിനേഷ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരുന്നു. ഇടയ്ക്ക് റിവ്യൂ മോണിറ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടെങ്കിലും അത് വിനേഷിന്റെ ആത്മവിശ്വാസത്തെ ബാധിച്ചില്ല. എന്നാല്‍ നിഷുവിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നാടകീയവും തര്‍ക്കങ്ങള്‍ നിറഞ്ഞതുമായിരുന്നു.
മത്സരത്തില്‍ ഒരു ഘട്ടത്തില്‍ വിനേഷ് 0-5 ന് പിന്നിലായിരുന്നു. എന്നാല്‍ പിന്നീട് വിനേഷ് നടത്തിയ ശക്തമായ മുന്നേറ്റത്തിനിടെ പോയിന്റ് നല്‍കിയതിനെച്ചൊല്ലി റഫറിമാരുമായി തര്‍ക്കമുണ്ടായി. വിനേഷ് നല്കിയ റിവ്യൂ ചലഞ്ച് അനുകൂലമായതോടെ താരം 6-5 ന് മുന്നിലെത്തി.
Sports
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഗുസ്തി ടീമിന്റെ സെലക്ഷൻ ട്രയൽസിൽ സൂപ്പർ താരം വിനേഷ് ഫോഗട്ടിന് വിജയത്തുടക്കം. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ട്രയൽസിൽ വനിതകളുടെ 53 കിലോ ഗ്രാം വിഭാഗത്തിലാണ് താരം അനായാസ വിജയം സ്വന്തമാക്കിയത്.
ഹരിയാനയുടെ ജ്യോതിയെയാണ് വിനേഷ് ഫോഗട്ട് പരാജയപ്പെടുത്തിയത്. ആധികാരിക പ്രകടനം പുറത്തെടുത്ത വിനേഷ് ഏഴ് പോയിന്റുകളുടെ വലിയ മാർജിനിലാണ് ജ്യോതിയെ ഗോദയിൽ വീഴ്ത്തിയത്. ഈ തകർപ്പൻ വിജയത്തോടെ വിനേഷ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളാണ് ഇനി വിനേഷിന് മുന്നിലുള്ളത്. സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വിനേഷ് ട്രയൽസിൽ പങ്കെടുക്കുന്നത്. രണ്ടു തവണ കോടതി നടപടികൾ സ്വീകരിച്ച ശേഷമാണ് താരം ട്രയൽസിൽ മത്സരിക്കാൻ ഇറങ്ങുന്നത്.
വിനേഷ് പങ്കെടുക്കുന്നതിനെതിരെ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
National
ന്യൂഡല്‍ഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഷൂട്ട്ഗണ് സംഘത്തിൽ ഏഷ്യയിലെ ഒന്നാം നന്പർ താരവും ലോക ആറാം നന്പർ താരവുമായ സൊറാവർ സിംഗ് സന്തു ഇല്ല.
രാജ്യത്തെ ഏറ്റവും മികച്ച ട്രാപ്പ് ഷൂട്ടർമാരിൽ ഒരാളായ സൊറാവർ കഴിഞ്ഞ വർഷം നടന്ന ലോക ചാന്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു.
എന്നാൽ ദേശീയ ചാന്പ്യൻഷിപ്പിലും ആഭ്യന്തര സെലക്ഷൻ ട്രയൽസിലും സൊറാവറിന് ഫോം മികവ് പുലർത്താൻ സാധിച്ചിരുന്നില്ല.
Sports
ജപ്പാൻ: 2031 മുതൽ ഏഷ്യൻ ഗെയിംസ് ഒറ്റ സംഖ്യ വർഷങ്ങളിലേക്ക് മാറ്റാൻ സാധ്യത. ഇതിനായി കായിക കലണ്ടർ പുനർരൂപകൽപ്പന ചെയ്യുന്നതായി റിപ്പോർട്ട്.
വരുന്ന സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് മാറ്റമുണ്ടാകില്ല.
ദോഹയിൽ നടക്കുന്ന 2030 പതിപ്പിന് മാറ്റമുണ്ടാകും ഒരു വർഷം പിന്നിലാകും നടക്കുക. അതിനുശേഷം ഗെയിംസ് സാധാരണപോലെ നാല് വർഷത്തിലൊരിക്കൽ നടക്കും.
പക്ഷേ ഇരട്ട വർഷങ്ങൾക്ക് പകരം ഒറ്റ വർഷത്തിലായിരിക്കും ഗെയിംസ് സംഘടിപ്പിക്കുക.